District News
കണ്ടല : മാറനല്ലൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കണ്ടലയിലെ മൈതാനം പരാധീനതകളുടെ നടുവിൽ. കുഴിയും വെള്ളക്കെട്ടും കായികതാരങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു. മഴക്കാലമായാൽ മൈതാനം ആഴ്ചകളോളം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. രണ്ടുവർഷം മുൻപ് മൈതാനത്തിന്റെ മൂന്നു വശങ്ങളിലും കമ്പിവലകൾ സ്ഥാപിച്ചിരുന്നു. ഇരിപ്പിടങ്ങൾ ടൈൽസ് പാകി നവീകരിക്കുകയും ചെയ്തു.
വോളിബോൾ ഇൻഡോർ സ്റ്റേഡിയവും നിർമിച്ചു. എന്നാൽ മൈതാനത്തിൽ മറ്റു നവീകരണജോലികൾ നടന്നിട്ടില്ല. ക്രിക്കറ്റും ഫുട്ബോളും ഉൾപ്പെടെ കായികയിനങ്ങൾക്ക് പഞ്ചായത്തിലെ വിവിധ ക്ലബുകളും സംഘടനകളും കണ്ടല മൈതാനത്തെയാണ് ആശ്രയിക്കുന്നത്. ഇപ്പോൾ ഇവർക്ക് സ്വകാര്യ ടർഫുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.റോഡിലൂടെയുള്ള നടത്തം അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
പ്രഭാത, സായാഹ്ന സവാരിക്കാരാണ് ഈ പരാതി ഉന്നയിക്കുന്നത്. തെരുവുനായകളുടെ ശല്യവും വർധിക്കുന്നു. മാസങ്ങൾക്കു മുൻപ് ഉയരവിളക്കു സ്ഥാപിച്ചെങ്കിലും ഉപയോഗിക്കുന്നില്ല. ഉദ്ഘാടനം നടത്താത്തതുകാരണം വിളക്ക് അണഞ്ഞുതന്നെയാണു കിടക്കുന്നത്. ഒന്നരമാസം മുൻപാണ് മൈതാനത്ത് വീണ്ടും നവീകരണജോലികൾ ആരംഭിച്ചത്. മൈതാനത്തിനു പിൻവശത്തു താമസിക്കുന്ന കുടുംബങ്ങൾ വാഹനങ്ങളുമായി കടന്നുപോകുന്നത് മൈതാനത്തിൽക്കൂടിയാണ്.
പലപ്പോഴും മത്സരങ്ങൾ സംഘടിപ്പിക്കുമ്പോൾ വാഹനങ്ങളെത്തുന്നതു അലോസരമുണ്ടാക്കാറുണ്ട്. ഇതു പരിഹരിക്കുന്നതിനുവേണ്ടി യുവാക്കൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ നടപടികളുണ്ടായി. പിൻവശത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് കടന്നുപോകുന്നതിനുവേണ്ടി മൈതാനത്തിന്റെ വശത്തുകൂടി റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചു.
റോഡുപണി പൂർത്തിയാക്കിയെങ്കിലും നിർമാണസാമഗ്രികൾ പലതും ഇപ്പോഴും മൈതാനത്തുതന്നെ കൂട്ടിയിട്ടിരിക്കുകയാണ്. നവീകരണജോലിൾ എത്രയുംവേഗം പൂർത്തിയാക്കി മൈതാനം ഉപയോഗിക്കുന്ന തരത്തിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
District News
തിരുവനന്തപുരം: ഐഎൻടിയുസിയുടെ സ്ഥാപക നേതാവായി തൊഴിലാളി പ്രവർത്തനത്തിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങി മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ് മേക്കറുമായി മാറിയപ്പോഴും തൊഴിലാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി നിലകൊണ്ട നേതാവായിരുന്നു കെ. കരുണാകരനെന്നു കെ. മുരളീധരൻ പറഞ്ഞു.
ഐഎൻടിയുസിയുടെ നേതൃത്വത്തിലുള്ള ചുമട്ടുതൊഴിലാളികളും മോട്ടോർ തൊഴിലാളികളും സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണ പരിപാടിയിൽ കനകക്കുന്നു കൊട്ടാര വളപ്പിലെ ലീഡർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കെ. മുരളീധരൻ.
ലീഡറുടെ ജന്മദിനത്തിലും ചരമദിനത്തിലും മുടങ്ങാതെ പ്രതിമയുടെ മുന്നിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്ന തൊഴിലാളികൾ തന്നെയാണ് അതിനർഹരെന്നും കെ. മുരളീധരൻ പറഞ്ഞു. യൂണിയൻ പ്രസിഡന്റ് അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. എൻ. ശക്തൻ, വി.എസ്. ശിവകുമാർ, പന്തളം സുധാകരൻ, ചാല സുധാകരൻ, അഡ്വ. ജി. സുബോധൻ,
കെ. മോഹനൻ കുമാർ, മണക്കാട് സുരേഷ്, ഇബ്രാഹിംകുട്ടി കല്ലാർ, പി മോഹനൻ തന്പി, ടി.പി. പ്രസാദ്, പി. ഭുവനേന്ദ്രൻ നായർ, എം.എ. വാഹിദ്, വിതുര ശശി, ചെന്പഴന്തി അനിൽ, മലയിൻകീഴ് വേണുഗോപാൽ, ആർ. ലക്ഷ് മി തുടങ്ങി നിരവധി നേതാക്ക ളും കോണ്‍ഗ്രസ് പ്രവർത്തകരും തൊഴിലാളികളും പങ്കെടുത്തു.
District News
പേരൂര്‍ക്കട: ബസിലെ യാത്രക്കാരിയുടെ പണമടങ്ങിയ പഴ്സ് മോഷ്ടിച്ച തമിഴ്നാട് സ്വദേശിനികളെ പേരൂര്‍ക്കട പോലീസ് പിടികൂടി. ചെന്നൈ അടയാര്‍ സ്വദേശിനികളായ പാര്‍വതി (40), മഹേശ്വരി (33) എന്നിവരാണു പിടിയിലായത്.
ചൊവ്വാഴ്ച വൈകുന്നേരം നാ ലോടെയായിരുന്നു സംഭവം. പേരൂര്‍ക്കടയില്‍നിന്ന് അമ്പലമുക്കുവഴി തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയും പാലോട് സ്വദേശിനിയുമായ ഗിരിജയുടെ പഴ്സാണ് പ്രതികള്‍ കവര്‍ന്നത്. ബസ് അമ്പലമുക്കിലെത്തിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരം ഗിരിജ അറിയുന്നത്. അപ്പോഴേക്കും സ്ത്രീകള്‍ മുങ്ങിയിരുന്നു.
പരാതിയെത്തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ കുടപ്പനക്കുന്ന് ഭാഗത്തുനിന്നാണ് ഇരുവരും പിടിയിലാകുന്നത്. പാര്‍വതി, മഹേശ്വരി എന്നിവര്‍ക്കെതിരേ തിരുവനന്തപുരം നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
District News
കാട്ടാക്കട: കാട്ടാക്കട നിയോജകമണ്ഡലത്തിൽ "ജൈവ സമൃദ്ധിക്കൊപ്പം കാട്ടാക്കട' പദ്ധതിയുടെ ഭാഗമായി ഓണം ലക്ഷ്യമിട്ടുകൊണ്ട് കൃഷി വ്യാപിപ്പിക്കാനൊരുങ്ങുന്നു.ഭൂവിനിയോഗ വകുപ്പിന്റെ സഹായത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. തരിശു നിലങ്ങളെ ഉത്പാദനക്ഷമമായ കൃഷിഭൂമികളാക്കി മാറ്റി കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കാനും പഴം, പച്ചക്കറി, പുഷ്പകൃഷി, ഔഷധ സസ്യ ഉത്പാദനം വർധിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് പദ്ധതി.
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ചു കാട്ടാക്കട, വിളപ്പിൽ, പള്ളിച്ചൽ പഞ്ചായത്തുകളിൽ അഞ്ചേക്കർ വീതം മധുരക്കിഴങ്ങ് കൃഷിയും പഞ്ചായത്തുകളിൽ ഒരു കർഷകന് 50 തൈകൾ എന്ന നിരക്കിൽ റെഡ് ലേഡി പപ്പായ കൃഷിയും വ്യാപിപ്പിക്കും.
ഓണവിപണി ലക്ഷ്യമിട്ട് ആറ് ലക്ഷം പച്ചക്കറിത്തൈകളും മുപ്പതിനായിരം പച്ചക്കറി വിത്ത് പാക്കറ്റുകൾ വീതവും പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും. കാട്ടാക്കട പഞ്ചായത്തിൽ "ഔഷധസമൃദ്ധി' പദ്ധതിയിൽ അശ്വഗന്ധ, കറ്റാർവാഴ, കസ്തൂരിമഞ്ഞൾ തുടങ്ങിയവയുടെ ഉല്പാദനവും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
കേരള കാർഷിക സർവകലാശാല, വിഎഫ്പിസികെ, സംസ്ഥാന ഹോ ർട്ടികൾച്ചർ മിഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹായത്തോ ടെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പച്ചക്കറി കൃഷി വ്യാപകമാക്കുവാനുള്ള നടപടി സ്വീകരിച്ചു.
ഇതിനായി വാർഡ് തലത്തിൽ വിത്തുകളും തൈകളും സൗജന്യമായി വിതരണം ചെയ്യും. പദ്ധതിയുടെ ഭാഗമായി ഞാറ്റുവേലച്ചന്ത നടക്കുന്ന വേദിയിൽ എല്ലാ കൃഷിഭവനങ്ങളിലും കർഷകർക്കായി രജിസ്ട്രേഷൻ ഡസ്ക് ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾക്ക്: 9497481761.
District News
നെടുമങ്ങാട്: നെടുമങ്ങാട് മണ്ഡലത്തിലെ 27 വിദ്യാലയങ്ങളിലായി 70 കോടി രൂപയുടെ നിർമാണ പ്രവർത്തികൾ നടന്നതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ. 12 കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായി.
15 കെട്ടിടങ്ങളുടെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ 3.9 കോടി രൂപ വീതം ചെലവഴിച്ചുള്ള കന്യാകുളങ്ങര ഗേൾസും അയിരൂപ്പാറ ജിഎച്ച്എസ്എസും ഉടൻ പൂർത്തിയാകും. നെടുമങ്ങാട് എംഎല്‍എ വിദ്യാഭ്യാസ അവാര്‍ഡ് "മികവുത്സവം 2025 'ന്റെ രണ്ടാം ദിവസം പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
16 വർണ കൂടാരങ്ങളാണ് വിവിധ വിദ്യാലയങ്ങളിലായി ഒരുങ്ങുന്നത്. ഇതിനായി 1.6 കോടി രൂപയാണ് ചെലവഴിക്കുന്നത്.ജൂലൈ 15 ഓടെ ഇവയുടെ നിർമാണം പൂർത്തിയാകും എന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എംഡി ദിവ്യ എസ്. അയ്യര്‍, ഗതാഗത വകുപ്പ് സ്പെഷൽ സെക്രട്ടറിയും സപ്ലൈകോ ചെയർമാനുമായ പി.ബി. നൂഹ് എന്നിവര്‍ വിശിഷ്ടാതിഥികളായി.
500-ഓളം വിദ്യാര്‍ഥികള്‍ക്കാണ് അവാര്‍ഡ് വിതരണം ചെയ്തത്. നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ 25 യുപി സ്കൂളുകള്‍ക്ക് എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് വാങ്ങിനല്‍കുന്ന പുസ്തകങ്ങളുടെ വിതരണവും ചടങ്ങില്‍ നടന്നു. 4.60 ലക്ഷം രൂപ വില വരുന്ന പുസ്തകങ്ങളാണ് വാങ്ങിയത്.
ഏകദേശം 18,480 രൂപയുടെ പുസ്തകങ്ങൾ ഓരോ സ്കൂളിനും ലഭിച്ചു. മികവുത്സവത്തിന്റെ ആദ്യ ദിനത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ 900 ഓളം വിദ്യാര്‍ഥികളെ അനുമോദിച്ചിരുന്നു. നെടുമങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ സി.എസ്. ശ്രീജ അധ്യക്ഷത വഹിച്ചു.